2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

അണിയാതെ പോയ ചിലങ്ക -2


എന്‍റെ കഴിഞ്ഞ പോസ്റ്റ്‌  {മിനി കഥ} വായിച്ചു കാണുമല്ലോ ?
      "   ടിവിയില്‍ കലോത്സവത്തിന്റെ  ലൈവ് ഷോ   കാണുകയാണവള്‍ . മുഖത്ത് വിവിധ ഭാവങ്ങള്‍ വിരിയിച്ചൊരു  സുന്ദരി  സ്റ്റേജില്‍ നൃത്തമാടുകയാണ് . ആ നര്‍ത്തകിക്കിപ്പോള്‍  അവളുടെ മുഖച്ഛായയയാണ്. ചിലങ്ക അണിഞ്ഞു  അവളാണിപ്പോള്‍ ആടുന്നത്, ചുറ്റും സദസ്യരുടെ കയ്യടി .
  "രാഗിണീ ".. അമ്മയുടെ വിളി കേട്ടപ്പോള്‍  സങ്കല്‍പ്പങ്ങളുടെ ലോകത്ത് നിന്നും അവള്‍ ഇറങ്ങി . ഇപ്പോള്‍ സദസ്യരുടെ കയ്യടികള്‍ ഇല്ല , ചുറ്റും മുറിയുടെ മതിലുകള്‍ മാത്രം. അപ്പോഴേക്കും അവള്‍ തിരിച്ചറിഞ്ഞിരുന്നു ആ മതിലുകള്‍ക്ക് പകരം സദസ്യരാവണമെന്നതിനു   ഗാന്ധി തലയുള്ള നോട്ടുകളുടെ പങ്ക്.."
                   ***************************************************
    പണമില്ല എന്ന ഒരു കാരണം കൊണ്ടു മാത്രമാണ് രാഗിണിക്ക് മത്സരിക്കാന്‍ കഴിയാതെ പോയത്, വെറും  കാഴ്ചക്കാരി ആയി മാത്രം നില്‍ക്കേണ്ടി വന്ന അവളുടെ മാനസിക വികാരങ്ങള്‍ ഊഹിക്കണമെങ്കില്‍ അത് പോലൊരു അവസ്ഥയിലൂടെ  നമ്മളും കടന്നു പോകണം, ..............
    ഇത് വെറുമൊരു കഥ മാത്രം,എന്നാല്‍ ഈ കഥയില്‍ സത്യമില്ലേ ?ഇങ്ങനെ ഉള്ളവര്‍ എത്ര കാണും നാട്ടില്‍?പണം എന്ന ഒറ്റ  കാരണം കൊണ്ടു കഴിവുകള്‍ വീട്ടിലെ മതില്‍ കെട്ടിനുള്ളില്‍ ഒതുക്കേണ്ടി വന്നവര്‍. .. കഴിവുണ്ടെങ്കില്‍ കാശെടുക്ക് എന്നായി സ്ഥിതി.. എന്‍റെ കഴിഞ്ഞ പോസ്റ്റില്‍  ex pravasini ഇട്ട കമന്റ്‌ ഇവിടെ കുറിക്കുന്നു :

"മേക്കപ്പ്‌ റൂമില്‍ നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ പാറിക്കളിക്കുമെന്നാണ് പറഞ്ഞുകേട്ടത്, ഡ്രെസ്സിന് കുറഞ്ഞത് മുപ്പതിനായിരമാണത്രേ.തയ്യല്‍ കൂലി വേറെ.മുഖത്തെ കുണ്ടും കുഴിയും തൂര്‍ക്കുന്ന പാന്‍സ്ടിക്കിനു ഒരെണ്ണത്തിനു ഇരുനൂറ്റി അറുപത് രൂപ.നല്ല മുഖമുള്ള ഒരു പെണ്‍കുട്ടിക്ക് രണ്ടു സ്റ്റിക്ക് വേണ്ടി വരുമെന്ന്.ആണ്‍ കുട്ടിക്ക്‌ എത്ര സ്റ്റിക്ക് വേണമെന്നത് മുഖം കണ്ടാലെ അറിയൂ..കുറച്ചു ദിവസം മുമ്പ്‌ വായിച്ചറിഞ്ഞ കാര്യങ്ങളാണിത്.താമസം ഭക്ഷണം ഒക്കെ വേറെയുണ്ട് കേട്ടോ ചിലവ്.ഒരു സാധാരണ കുടുംബം എങ്ങനെയായിരിക്കും ഈ ഭീമമായ സംഖ്യ സംഘടിപ്പിക്കുക !! "

 അതെ, ഒരു സാധാരണ കുടുംബത്തിന്റെ കാര്യം  എടുത്തു നോക്കുകയാണെങ്കില്‍ ഒത്തിരി കഷ്ട്ടമാണ് ഈ സ്ഥിതി.മകളെ വേദിയിലെക്കെത്തിക്കാന്‍  വീടിന്‍റെ ആധാരം പണയപ്പെടുത്തേണ്ടി  വന്ന ഒരച്ഛന്റെ കഥന കഥ ആരുടെ കണ്ണാണ് നനയിപ്പിക്കാതിരുന്നത് .പല ജട്ജസ്സും പണത്തിനു വേണ്ടി റിസള്‍ട്ടില്‍  തിരിമറി നടത്തിയ കാര്യവും അല്ബുധാവഹമാണ്! ഇന്ന് ആരെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത് ?

 എന്‍റെ ചില കാഴ്ച്ഛപാടുകള്‍ ഇവിടെ കുറിക്കട്ടെ :-
* മേക്കപ്പ്നും കോസ്ടുമിനും എന്തിനാണിത്ര പ്രാധാന്യം ജഡ്ജസ്  കൊടുക്കുന്നത് .  ജന്മനാ വാസന ഉള്ളവര്‍ക്ക് എന്തിനാണു ഇത്ര അധികം മേക്കപ്പ് ,   മേക്കപ്പ് ഉം  കോസ്ടുമും ലളിതമാക്കി മുഖഭാവത്തിനു മാത്രം ഊന്നല്‍ കൊടുക്കുക.  വീട്ടില്‍  നിന്ന് തന്നെ ചെയ്യാവുന്ന രീതിയില്‍ ഉള്ള സിമ്പിള്‍ ആയ ഒരുക്കം പോരെ,

*ഗ്രൂപ്പ്  ഐറ്റംസ് ആയ ഒപ്പന, തിരുവാതിര, മാര്‍ഗംകളി തുടങ്ങിയവയ്ക്കും 1൦൦൦൦ നു മുകളില്‍ ആണ് ചിലവു,  ഗ്രൂപ്പ് ഐറ്റം വ്യക്തിത്വ മികവിലേക്ക് പോയിന്റ്‌  ചെയുന്നും ഇല്ല , ഗ്രൂപ്പ് ഐറ്റംസ്   വേണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

*ഗ്രേസ്‌ മാര്‍ക്ക് പിന്‍വലിക്കും എന്ന അറിയിപ്പ് കേട്ടപ്പോള്‍ കഷ്ട്ടം തോന്നി , ഗ്രേസ്‌ മാര്‍ക്ക് തീര്‍ച്ചയായും  വേണം,പഠിക്കാനുള്ള കഴിവ് പോലെയുള്ള  ഒന്നാണ് കലാവാസനയും,പ്രാക്ടിസിനു വേണ്ടി യൊക്കെ എത്ര ക്ലാസ്സ്‌ കുട്ടികള്‍ക്ക് കട്ട്  ആവുന്നുണ്ട്‌ 

*അപ്പീലിനും 5000 രൂപയോളം വേണമെന്നതും അത്ഭുതപ്പെടുത്തുന്നു ,അതും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്, ഇതിലും എന്ത് കൊണ്ടു അയവ് വരുത്തി കൂടാ

 *റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ ഒരു ടീമിനെ മത്സരിക്കാന്‍ വിടാതിരുന്ന ഭാരവാഹികളുടെ കണ്ണില്‍ ചോര ഇല്ലായ്മയും എടുത്തു പറയേണ്ടതാകുന്നു, അത്രയും ഒരുക്കങ്ങള്‍ ഒരുങ്ങിയിട്ടും അല്പം താമസിച്ചതിന്റെ പേരില്‍ അവരെ മത്സരിക്കാന്‍ അനുവദിച്ചില്ല, റിപ്പോര്‍ട്ട്  അനൌണ്സ് ചെയ്തത് കേട്ടിട്ടില്ല എന്നവര്‍ പറഞ്ഞു അപേക്ഷിച്ചിട്ടും ഭാരവാഹികള്‍ കെനിഞ്ഞില്ല.ഇത്തരം കാര്യങ്ങള്‍ മാനസികമായി അവരെ തളര്‍ ത്തുകയല്ലേ ചെയ്യുന്നത് 

  ഇവിടെ മാറ്റം വരേണ്ടത് അത്യന്താപേക്ഷിതമാണ് ..ചിലവു ചുരുക്കി മേക്കപ്പിനും  കോസ്ടുമിനും  ഒട്ടും പ്രാധാന്യം കല്‍പ്പിക്കാത്ത സ്ഥിതി വന്നാല്‍  ഇനിയും ഒരുപാട് കലാകാരന്മാര്‍ക്ക് മുന്നോട്ട് വരാന്‍ കഴിയും,സാധാരണക്കാരായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും  താങ്ങാന്‍ പറ്റുന്ന വിധത്തില്‍  ആവണം എല്ലാ ചിലവുകളും. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന  നിയമങ്ങള്‍ തീര്‍ച്ചയായും പിന്‍വലിക്കേണ്ടാതാകുന്നു.  ഇത് പ്രവര്‍ത്തികമാക്കേണ്ടതു ഞാനല്ല. കലോത്സവ  ഭാരവാഹികളിലും ഈ സന്ദേശം എത്തിയാല്‍  മാത്രമേ എന്‍റെ പോസ്റ്റ്‌ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ, അടുത്ത വര്‍ഷം തൊട്ടെങ്കിലും ഈ അവസ്ഥയ്ക്ക് ശമനം ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം.. 



2011 ഫെബ്രുവരി 5, ശനിയാഴ്‌ച

അണിയാതെ പോയ ചിലങ്ക

 
    
           ടിവിയില്‍ കലോത്സവത്തിന്റെ  ലൈവ് ഷോ   കാണുകയാണവള്‍ . മുഖത്ത് വിവിധ ഭാവങ്ങള്‍ വിരിയിച്ചൊരു  സുന്ദരി  സ്റ്റേജില്‍ നൃത്തമാടുകയാണ് . ആ നര്‍ത്തകിക്കിപ്പോള്‍  അവളുടെ മുഖച്ഛായയയാണ്. ചിലങ്ക അണിഞ്ഞു  അവളാണിപ്പോള്‍ ആടുന്നത്, ചുറ്റും സദസ്യരുടെ കയ്യടി .

   "രാഗിണീ ".. അമ്മയുടെ വിളി കേട്ടപ്പോള്‍  സങ്കല്‍പ്പങ്ങളുടെ ലോകത്ത് നിന്നും അവള്‍ ഇറങ്ങി . ഇപ്പോള്‍ സദസ്യരുടെ കയ്യടികള്‍ ഇല്ല , ചുറ്റും മുറിയുടെ മതിലുകള്‍ മാത്രം. അപ്പോഴേക്കും അവള്‍ തിരിച്ചറിഞ്ഞിരുന്നു ആ മതിലുകള്‍ക്ക് പകരം സദസ്യരാവണമെന്നതിനു   ഗാന്ധി തലയുള്ള നോട്ടുകളുടെ പങ്ക്...

2011 ജനുവരി 20, വ്യാഴാഴ്‌ച

സുഗന്ധമുള്ള പൂവ്



സുഗന്ധമുള്ള സുന്ദരിപ്പൂവായിരുന്നു അത്, 

പൂവിന്‍   സൗരഭ്യത്തില്‍ ലയിച്ചു, 

തക്കം പാര്‍ത്തിരുന്നു കരിവണ്ടുകള്‍ ,

അതിന്‍ മധുവൂറ്റി കുടിക്കുവാന്‍. 

ദാഹികളാം വണ്ടുകളില്‍ നിന്നുമതിനെ ,

കാത്തു അമ്മയാമാ ചെടി,.

അന്നൊരു മൊട്ടും പൂവായ്  വിടര്‍ന്നപ്പോള്‍  ,

ആദ്യ പൂവിലമ്മതന്‍ കണ്ണ് പാളിയ

ഒരു നേരത്ത്, 

വണ്ടുകളതിന്‍ തേനൂറ്റി കുടിച്ചു ,

ഇന്ന് ഞാനവിടെ കണ്ടത് , 

വരണ്ടുണങ്ങിയൊരു  ചെടി തന്‍ രൂപം മാത്രം

2011 ജനുവരി 16, ഞായറാഴ്‌ച

ക്യാമറയിലൂടെ....



  ഈ ഫോട്ടോയുടെ കൂടെ ഒരു പാട്ടും  ഞാന്‍ പാടി ഡെഡിക്കേറ്റ് ചെയ്യുന്നു {റഹ്മാന്‍ ക്കന്റെ പാട്ട് ആണേ, ആല്‍ബം "ONE LOVE  "  പാട്ടില്‍ അങ്ങനെ പലതും പറയും, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട }


     "ആദം-ഹവ്വ തന്‍  പ്രണയം, 
     രാധ-കൃഷ്ണ തന്‍ പ്രണയം,
     ഹീര്‍-രഞ്ജ തന്‍ പ്രണയം,
      ഒന്നല്ലോ, 


     ഷാഹ്ജഹാന്‍-മുംതാസിന് പ്രണയം ,
     ലൈല-മജ്നുവിന്‍ പ്രണയം,
      എന്റെയും നിന്റെയും പ്രണയം,
       ഒന്നല്ലോ.."

2011 ജനുവരി 11, ചൊവ്വാഴ്ച

കൂടെ ഓടാന്‍ ആളുണ്ടോ ?

                    
                  
                   കുറേ മുമ്പ്  നമ്മുടെ നാട്ടില്‍ ഒളിച്ചോട്ടത്തിന്റെ  ഒരു സീസണ്‍ ആയിരുന്നു, ചിലര്‍ മത മൈത്രി ലക്‌ഷ്യം വെച്ചപ്പോള്‍ , മറ്റു ചിലര്‍ ഗുരു ശിഷ്യ ബന്ധത്തെ ഒന്ന് കൂടി ശക്തപ്പെടുത്തി ;പഠിപ്പിക്കുന്ന സര്‍ ന്റെ കൂടെ തന്നെ പോയെ  , എന്നാല്‍ റസിയയോ , കുടുംബ ബന്ധത്തെ ഒരിക്കല്‍ കൂടി ഉറപ്പുള്ളതാക്കാന്‍  സ്വന്തം മൂത്തമ്മാന്റെ മകന്റെ കൂടെ ഓടി... അതും ദുഫായ് ലേക്ക്..

                       നമ്മള്‍ ഇതൊക്കെ കേട്ടു കൊണ്ട് കണ്ണും തള്ളി നില്‍പ്പാണ് , നാട്ടുകാര്‍ വാര്‍ത്തയുടെ കൂടെ  എക്സ്ട്രാ മസാല  ഒക്കെ ചേര്‍ത്ത് ആണല്ലോ  വിളമ്പല്‍  ! മാരുതി 800 ലാണ് പോയതെങ്കില്‍ സ്വിഫ്റ്റ് എന്നാക്കി മാറ്റും   !

                       
                        അന്ന് ഞാന്‍ പ്ലസ്‌ ടു വില്‍ പഠിക്കുന്നു, എന്‍റെ ബസ്‌ സ്റ്റോപ്പ്‌ കമ്പനീസില്‍ ഒരാളാണ് ആമിന ;ഹായ്-ബൈ ബന്ധം, അവള്‍  ഒരു ബ്ലാക്ക്‌ ബ്യൂട്ടിയാണ് , കറുപ്പിന് ഏഴു അഴകാണ് എന്ന് തെളിയിക്കും വിധം കളര്‍ഫുള്‍  ആയിട്ടാണ്  നടപ്പ്, കയ്യില്‍ വളകളാല്‍ ഒരു മഴവില്ല് തന്നെ ഉണ്ടാക്കിയിരുന്നു


                    അന്നൊരിക്കല്‍ ഒരു പെരുന്നാള്‍ തലേന്ന് ഈ പെണ്ണ് എന്‍റെ വീട്ടില്‍  വന്നു, കദീജ്താന്റെ കൂടെ ഫിതൃന്റെ അരി വാങ്ങാന്‍ വന്നതാണ് { ഈ കദീജത്താനെ കുറിച്ച് ഞാന്‍ മുമ്പ് എന്‍റെ ഒരു  പോസ്റ്റില്‍ വിവരിച്ചിരുന്നു "സീനിയ" }.അന്നാണ് ഞാന്‍ അറിഞ്ഞത് അവള്‍ കദീജ്താന്റെ ഏട്ടത്തിയുടെ   മകള്‍ ആണെന്ന്, അവള്‍ക്കു 2 ലക്ഷം  രൂപയ്ക്ക് എന്തോ ശസ്ത്രക്രിയ കഴിഞ്ഞുവത്രെ ! 

                
                       അങ്ങനെയൊരുനാള്‍ ആമിനയെയും മിസ്സായി, മത മൈത്രി തന്നെയാണ് അവളുടേയും  ചോയ്സ് . ആമിന പേര് മാറ്റി അമൃത എന്നാക്കി പോലുള്ള പല ഗോസിപ്പും കേട്ടു. ഒളിച്ചോടിയ വാര്‍ത്ത നമ്മളെ അറിയിച്ചത് അവളുടെ സ്വന്തം ഏട്ടത്തി  ആയിരുന്നു, ഞാനും ഉമ്മയും  കണ്ണൂര്‍ക്കുള്ള  വഴിക്ക് ബസില്‍ വെച്ചാണ് അവളുടെ ഏട്ടത്തിയെ കണ്ടത് . പരിചയമുള്ളവരെ ബസ്സില്‍ ഒക്കെ കണ്ടാല്‍ "ഏട പോന്ന്  " എന്ന സ്ഥിരം ഡയലോഗ് വെച്ചാണ്‌ അവരും എന്‍റെ ഉമ്മയും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്. അവര്‍ ആശുപതൃയിലേക്കുള്ള   വഴി ആയിരുന്നെ, കാരണം ചോദിച്ചപ്പോള്‍ "നിങ്ങള്‍ അറിഞ്ഞില്ലേ .." എന്ന് തുടങ്ങി അനിയത്തിയുടെ വീരസാഹസം ഫുള്‍ സ്റ്റോപ്പ്‌ ഇടാതെ പറഞ്ഞു തന്നു. അതറിഞ്ഞതു മുതല്‍ അവരുടെ  ഉമ്മ തളര്‍ന്നു വീണു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണെന്ന്. ഈ വക പേഴ്സണല്‍  കാര്യങ്ങള്‍ എല്ലാവരും  മറച്ചു വെക്കുമ്പോള്‍ തുറന്ന മനസ്സോടെ എല്ലാം വിവരിച്ചു തന്ന ഈ ഏട്ടത്തി  ബാക്കി  ഉള്ളവര്‍ക്ക് ഒരു മാതൃക   ആണ് , ഞാന്‍ ഓര്‍ത്തു. 


             ആമിന ഒളിച്ചോടിയ വാര്‍ത്ത അറിഞ്ഞു അവളുടെ ഉപ്പ പ്രതികരിച്ചത്   "ഇങ്ങനെ ഓടി പോവൂന്ന് ആദ്യേ അറിഞ്ഞെങ്കില്‍  ഞാന്‍ 2 ലക്ഷം ചെലവാക്കി ഓള്‍ടെ ഒപ്പ്രേഷന്‍   നടത്തായിരുന്നോ " , ആ വാക്കുകളില്‍ മകള്‍ പോയ വേവലാധിയോ, അതോ പൈസ നഷ്ട്ടമായ പരിഭ്രമമോ എന്ന് നിങ്ങള്‍ തീരുമാനിച്ചോ  ........




                    
               
 
ജാലകം